Friday, February 18, 2011

ഇന്നലത്തേത്

കളഞ്ഞുകിട്ടിയ കഥപ്പുസ്തകത്തിലെ

ചിത്രകഥക്കള്ളികളില്‍ നിന്ന്

ഇന്നലത്തെ ഞാണൊലികള്‍.

അടുക്കളപ്പടിയില്‍ ഇരുണ്ടസന്ധ്യയ്ക്ക്

ഹിരണ്യകശിപു.

കാപ്പിപ്പൊടിമണവുമായി ഉമ്മറത്തൂണുപിളര്‍ന്ന്

നാരായണന്‍.

ഇന്നലത്തെ മഴയില്‍ പൊലിയാത്ത

നിലവിളക്കുനാളമായി പ്രഹ്ളാദന്‍.


തട്ടുമ്പുറത്ത് ചിലന്തികള്‍ നെയ്തുനിവര്‍ത്തിയ

പഴമകള്‍ക്കിടയില്‍ ഇന്നുകള്‍ വിരിഞ്ഞ്

ഇന്നലെകള്‍ ഒന്നൊന്നായി പുറത്തിറങ്ങുന്നു.

ചടുലപാദങ്ങളുമായി മരപ്പട്ടിയെപ്പോലെ

കൂസലില്ലാത്ത ഒരു രാത്രി.


മച്ചിലെ ചീനഭരണികളുടെ

കോട്ടുവായ് പിളര്‍പ്പില്‍

നിലയറ്റ ദയയറ്റ ഇരുട്ടാഴത്തില്‍

നാക്ക് പുളച്ച് കാലം , പൗരാണികഗന്ധങ്ങള്‍.


പുലര്‍ച്ചെ , വേനല്‍മുറ്റത്ത് , മണലില്‍

വടിവുറ്റ വളവുറ്റ ചൂല്‍പ്പാടുകള്‍ക്ക്

മായ്ക്കാനാവാത്ത ഒരു കാല്‍പ്പാട് , ഇന്നലത്തേത്.





Friday, November 27, 2009

ആരാണിവള്‍?

കവിതയ്ക്കു വേണ്ടി കറുത്ത ദ്രാവകം
കുടഞ്ഞു ഞാന്‍ പേന ശരിപ്പെടുത്തുന്നു.
വെളുത്ത താളുകള്‍ നിവര്‍ത്തി വച്ചിട്ട്‌
പരതുന്നു, കൈയ്യില്‍ സിഗരറ്റു പായ്ക്ക്‌

തടയുന്നു - പക്ഷേ തരിപ്പു തീര്‍ക്കുവാന്‍
പുകയ്ക്കണോ ഇപ്പോള്‍? എനിക്കു സംശയം.

കവിത വന്നില്ല (കുനിഞ്ഞിരുന്നെന്റെ

നടുവു നോവുന്നു. ) പല വിഷയങ്ങള്‍
മനസ്സിലിട്ടൊരു പിടി പിടിച്ചിട്ടും
ശരിയാകുന്നില്ല. സിഗരറ്റും ചുണ്ടില്‍
ത്തിരുകിയുള്ളൊന്നു പുകച്ചു വല്ലതും
പുറത്തു ചാടിക്കാന്‍ ശ്രമിക്കുമ്പോഴാണ്‌...

പുലരി മഞ്ഞിന്റെ മുഖവുമായൊരു
ചെറിയ പെണ്‍കുട്ടി ഉരുവം കൊള്ളുന്നു.
വെളുത്ത ജാക്കറ്റും ഞൊറിപ്പാവാടയും
മരണത്തെപ്പറ്റി പൊടുന്നനെയോര്‍ത്തു
നടുങ്ങുവാന്‍ പോരും പ്രസന്ന ഭാവവും

എനിക്കാരാണിവള്‍?

കിളിക്കരച്ചിലും മരക്കൊമ്പും കാറ്റി-
ലലിഞ്ഞ സന്ധ്യക്ക്‌ പുഴത്തടത്തിലൂ-
ടൊരിയ്ക്കല്‍ക്കൂടി ഞാന്‍ വനത്തിനുള്ളിലേ-
യ്ക്കിരിപ്പുറയ്ക്കാതെ കടന്നു ചെല്ലുന്നു.

പ്രണയം ദംശിച്ചു മരണാസന്നനായ്‌
മുരളിയൂതുന്ന രമണന്റെ മുന്നി-
ലൊരു കുഞ്ഞാടു പോലവളുടെ മുഖം.

അവളുടെ സ്വരം ഇണ നഷ്ടപ്പെട്ട
കിളികളിലൊന്നിലുറവ കൂടുന്നു.
കടലിന്നക്കരെ മരച്ചുവട്ടിലെ
കടല്‍ ക്ഷോഭത്തിലാണവളുടെ മനം.

എനിക്കാരാണിവള്‍?

ഉറക്കമില്ലാത്ത നിമഷങ്ങള്‍ കൊണ്ട്‌
മനസ്സു നന്നായി പിഴിഞ്ഞെടുത്തിട്ട്‌
പുലരുമ്പോഴെന്നെ വിളിച്ചുണര്‍ത്തുന്നു.
കവിത കാണിച്ചു വശപ്പെടുത്തുന്നു.
പുലരാറാകുന്നു, കവിതയ്ക്കു വേണ്ടി
തുറന്ന പേന ഞാന്‍ അടച്ചു വെയ്ക്കട്ടെ.
വെളുത്ത താളുകള്‍ ഒതുക്കി വെയ്ക്കട്ടെ.
മനസ്സൊന്നു കൂടി കുടഞ്ഞുണക്കട്ടെ.
കുറച്ചുനേരമൊന്നുറങ്ങിക്കൊള്ളട്ടെ...

Thursday, November 12, 2009

ഡോക്ടറുടെ വീട്ടില്‍

അനിശ്ചിതത്വത്തിന്‍
കറുത്ത ചില്ലുകള്‍,
അടഞ്ഞ ജാലക-
പ്പടിക്കല്‍ നിന്നു ഞാന്‍.

കരയും കുഞ്ഞുങ്ങള്‍,
സിമന്റു ബെഞ്ചുകള്‍,
മരുന്നു ചീട്ടിന്റെ

പതിഞ്ഞ മര്‍മ്മരം.

കൊടും വെയിലിലും
പെരും മഴയിലും
പനിച്ചു ചാകാത്ത

കളിമണ്‍ കുട്ടികള്‍.

ചെറിയ ബോര്‍ഡുകള്‍,
വലിയ വാക്കുകള്‍,
അതിനു മുകളിലൂ-
ടരിയുറുമ്പുകള്‍.

ചുമച്ചു തുപ്പുന്ന
കറുത്ത കുഞ്ഞുമായ്‌
പുറത്തു വന്നൊരാള്‍,
അകത്തു കേറി ഞാന്‍.

അകത്തില്ലാ ഡോക്ടര്‍
പുറത്തില്ലാ ഡോക്ടര്‍
കുറിപ്പടിയിലൊ-
രെഴുത്തുമില്ലെന്നോ?